10:57pm 06 September 2026
NEWS
മയക്കുമരുന്ന് കേസിൽ ടിവി അവതാരക ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ
06/09/2026  03:42 PM IST
nila
മയക്കുമരുന്ന് കേസിൽ ടിവി അവതാരക ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ

കെയ്‌റോ: മയക്കുമരുന്ന് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ അനധികൃതമായി ഈജിപ്തിലേക്ക് കടത്തിയ കേസിൽ ടെലിവിഷൻ അവതാരക ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതായും പ്രതികൾക്കെതിരെ കേസുണ്ട്. 39കാരിയായ ടെലിവിഷൻ അവതാരക സാറാ ഖലീഫ ഉൾപ്പെടെയുള്ളവരുടെ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. 

കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള 'മിഷൻ ഇംപോസിബിൾ' എന്ന ടിവി പരിപാടിയുടെ അവതാരകയാണ് സാറ. തനിക്കെതിരായ ആരോപണങ്ങളെല്ലാം അവർ കോടതിയിൽ നിഷേധിച്ചു. ജീവിതത്തിൽ ഒരിക്കൽപ്പോലും മയക്കുമരുന്ന് കണ്ടിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിലെടുത്ത് ചിത്രമെടുത്തപ്പോഴാണ് ആദ്യമായി മയക്കുമരുന്ന് കാണുന്നതെന്നും സാറ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വധശിക്ഷയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സാറയുടെ അഭിഭാഷകൻ അറിയിച്ചു.

കഴിഞ്ഞമാസമാണ് കേസിലെ പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചത്. തുടർന്ന് ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ മതപരമായ അഭിപ്രായം തേടിയ ശേഷമാണ് ശിക്ഷ സ്ഥിരീകരിച്ചത്. വധശിക്ഷ വിധിക്കുന്ന കേസുകളിൽ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായം തേടുന്നത് ഈജിപ്തിലെ നിയമപ്രകാരമുള്ള നടപടിക്രമമാണ്. കേസിൽ പ്രതികളിൽ നിന്ന് മയക്കുമരുന്നും മയക്കുമരുന്ന് നിർമാണത്തിനായി ഇറക്കുമതി ചെയ്ത വസ്തുക്കളും ഉൾപ്പെടെ 750 കിലോഗ്രാം വസ്തുക്കൾ പിടിച്ചെടുത്തതായി അൽ അഹ്‌റം റിപ്പോർട്ട് ചെയ്തു. 20 സാക്ഷികളുടെ മൊഴികളും വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

അതേസമയം, ഈജിപ്തിലെ വധശിക്ഷയെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകളും ശ്രദ്ധേയമാണ്. 2025ൽ രാജ്യത്ത് 492 പേർക്ക് വധശിക്ഷ വിധിച്ചപ്പോൾ 23 വധശിക്ഷകൾ നടപ്പാക്കിയെന്നാണ് സംഘടനയുടെ കണക്ക്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img